Your Lawyer Friend is Here!

ജിഷ്ണു മരിച്ചിട്ട് ഇന്ന് ഒരു മാസം പൂർത്തിയാവുന്നു. ഈയൊരു മാസത്തിനിടെ വിവിധ കോളേജുകളിൽ നിന്നായി വിദ്യാർത്ഥിചൂഷണത്തിന്റെയും കടുത്ത മനുഷ്യാവകാശലംഘങ്ങളുടെയും നിരവധി വാർത്തകൾ പുറത്തുവന്നു. ചില കോളേജുകളിൽ ശക്തമായ വിദ്യാർത്ഥി പ്രതിരോധങ്ങൾ ഉയർന്നു വന്നു. ഒരു കോളേജിന് അഫിലിയേഷൻ നഷ്ടമായി. ഒരു പ്രിൻസിപ്പാളിന് കോളേജിൽ നിന്നു തന്നെ മാറി നില്ക്കേണ്ടി വന്നു. ഇവയെല്ലാം വിരൽ ചൂണ്ടുന്നത് അപകടകരമാം വിധം കച്ചവടെവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തേക്കാണ്.

ജിഷ്ണു ആത്മഹത്യ ചെയ്യാൻ കാരണം നിസ്സഹായതയായിരുന്നു. കോപ്പിയടിച്ചു എന്ന വ്യാജ ആരോപണവും ഇനി മൂന്നുവർഷം പരീക്ഷ എഴുതാനാവില്ലെന്നും ജീവിതം തന്നെ വഴിമുട്ടുമെന്നുള്ള ഭീഷണിയും ഇനി മുന്നിൽ മറ്റൊരു വഴിയില്ലെന്ന് അവനെക്കൊണ്ടു ചിന്തിപ്പിച്ചു കാണാം. ഇതിനെ നിയമപരമായി നേരിടാൻ കഴിയുമെന്നും  നിരവധി സാധ്യതകൾ മുന്നിലുണ്ടെന്നും അവനറിയില്ലായിരുന്നു. അവരുടെ നിയമപരമായ അജ്ഞതയും അപര്യാപ്തതയും മുതലെടുത്താണ് മിക്ക കോളേജ് മാനേജ്മെന്റുകളും ക്രൂരമായ അച്ചടക്കനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതും ഇടിമുറികളുൾപ്പെടെ നടത്തിക്കൊണ്ടു പോകുന്നതും.

തങ്ങൾക്ക് നേരെയുള്ള ചൂഷണത്തിന് എതിരെ സംസാരിക്കാനോ,  അതിനെ ചോദ്യം ചെയ്യാനോ, ബന്ധപ്പെട്ടവരോട് പരാതി പറയാനോ വിദ്യാർത്ഥികൾ തയ്യാറാവുന്നില്ല എന്നാണു ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. വിദ്യാർത്ഥികൾ പീഢിക്കപ്പെട്ടാലും പരീക്ഷയ്ക്ക് മാർക്കു വാങ്ങിയാൽ മതിയെന്നു കരുതുന്നതിനാലാവാം, മാതാപിതാക്കന്മാരും ഇതിനെതിരെ കണ്ണടയ്ക്കുന്നു.

വിദ്യാർത്ഥികളുടെ ഭാവിയെ, അവരുടെ വ്യക്തിത്വത്തെ ച്ഛിദ്രശക്തികൾ തകർക്കാതെ പരിപാലിക്കാൻ അവർക്ക് അവകാശബോധം ഉണ്ടായേ തീരൂ. സ്വന്തം അവകാശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കാനും  അവ നിഷേധിക്കപ്പെടുമ്പോൾ നിയമസംരക്ഷണം നേടാനും  സഹായിക്കാൻ ലക്ഷ്യം വെച്ചുകൊണ്ടാണ് ലീഗൽ കലക്ടീവ് ഫോർ സ്റ്റ്യുഡന്റ്സ് റൈറ്റ്സ് എന്ന കൂട്ടായ്മ രൂപീകരിക്കപ്പെട്ടിരിക്കുന്നത്.   വിദ്യാര്‍ഥികളുടെ അവകാശസംരക്ഷണത്തിനായി പല വിധത്തിലുമുള്ള നിയമങ്ങളും, നയങ്ങളും യുജിസിയും എ ഐ സി ടി ഇയും മറ്റും രൂപീകരിച്ചിട്ടുണ്ട്. എന്നാൽ വ്യവസ്ഥാപിതതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും, വിദ്യാഭ്യാസത്തെ കേവലം ഒരു കച്ചവടചരക്കാക്കി മാറ്റുന്നതിനും ആയി വിവിധ സ്ഥാപനങ്ങൾ ഈ അവകാശങ്ങളെ, അവയെ കുറിച്ചുള്ള അറിവിനെ വിദ്യാർത്ഥികളിൽ നിന്നും മാറ്റി നിർത്തുന്നു. കേരളം ഒട്ടൊക്കുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അവരുടെ പരാതികള്‍ ഞങ്ങളിലേക്ക് എത്തിക്കാനാവും.

നിയമപരമായി നിങ്ങൾക്കുമുന്നിലുള്ള സാധ്യതകളെ നിങ്ങൾക്ക് പരിചയപ്പെടുത്തുകയും അവയെ സമീപിക്കാൻ സഹായിക്കുകയും ഞങ്ങൾ ചെയ്യും, തികച്ചും സൗജന്യമായി തന്നെ. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അവകാശസംരക്ഷണത്തെ സംബന്ധിച്ച് ബോധവല്‍ക്കരണം, വിദ്യാര്‍ഥികളിലേക്ക് ഇറങ്ങി ചെന്നു കൊണ്ടുള്ള വിവരശേഖരണം എന്നിവ നമ്മുടെ ലക്ഷ്യങ്ങളാണ്. ആഴത്തിലുള്ള പഠനങ്ങളിലൂടെ നയരൂപീകരണപ്രക്രിയയിൽ ശക്തമായിടപെടാനും ഞങ്ങളുദ്ദേശിക്കുന്നു.

ജിഷ്ണുവിന്റെ ഓർമ ദിനത്തിൽ, ഇനിയൊരു ജിഷ്ണു ഉണ്ടാവാതിരിക്കാൻ നമുക്കു കൈകോർക്കാം.