അസ്മായുടെ കേസ് : കോളേജ് ട്രാൻസ്ഫറിന് പ്രിൻസിപ്പാളിന്റെ റെക്കമെന്റേഷൻ നിർബന്ധമല്ലെന്ന് അഡ്മിഷൻ സൂപ്പർവൈസറി കമ്മറ്റി; മുഴുവൻ ഫീസ് അടയ്ക്കേണ്ടെന്നും വിധി; വീണ്ടും വിജയം, നെഹ്രു കോളേജിനെതിരെ!‌

ജൂൺ എട്ടാം തിയതിയാണ് അസ്മയുടെ മെയിൽ ഞങ്ങൾക്ക് ലഭിക്കുന്നത്. അസ്മ പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാർത്ഥിനി ആയിരുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ നെഹ്‌റു കോളേജിന്റെ പീഡനം കാരണം ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയുടെ സഹപാഠി.

ജിഷ്ണുവിന്റെ ആത്മഹത്യയും കോളേജിന്റെ നിരുത്തരവാദിത്തപരവും പ്രതിഷേധാര്ഹമായ സമീപനവും പഠന അന്തരീക്ഷത്തെ ദുസ്സഹമാക്കിയ സാഹചര്യത്തിൽ അസ്മ മറ്റൊരു കോളേജിലേക്ക് മാറാൻ ഉള്ള അപേക്ഷ KTU നിഷ്കർഷിക്കുന്ന പോലെ നൽകുകയുണ്ടായി. പക്ഷെ യാതൊരു കാരണവും കാണിക്കാതെ നെഹ്‌റു കോളേജ് പ്രിൻസിപ്പൽ ഈ അപേക്ഷ തള്ളി. കൂടാതെ ഇടയ്ക്കു വെച്ച് കോഴ്സ് നിർത്തി പോകുന്നത് കൊണ്ട് കോളേജിന്റെ നഷ്ടം നികത്താൻ 4 വർഷത്തെ ഫീസ് അടയ്ക്കാനും കോളേജ് അധികൃതർ അസ്മയെ നിർദ്ദേശിച്ചു. യാതൊരു തരത്തിൽ ഉള്ള ഒത്തുതീർപ്പിനും നെഹ്‌റു കോളേജ് തയാറാകാതെ ഇരുന്നതോടെ LCSR അസ്മയ്ക്കായി നിയമനടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു.

പെട്ടെന്നു തന്നെ നടപടി ആവശ്യമായ വിഷയമായതിനാൽ ഞങ്ങൾ ഉടൻ ഹൈക്കോടതിയെ സമീപിച്ചു. അന്നു തന്നെ കേസ് കേൾക്കാൻ തീരുമാനിച്ച കോടതി, ആദ്യം അഡ്മിഷൻ സൂപ്പർവൈസറി കമ്മറ്റിയെ സമീപിക്കാൻ നിർദേശിച്ചു.

അസ്മായ്ക്കുവേണ്ടി ഞങ്ങളുടെ നിയമോപദേഷ്ടാക്കളിൽ ഒരാൾ ആയ അഡ്വ. മനു സെബാസ്റ്റ്യൻ ആണ് ഹാജർ ആയതു. കേസ് പരിഗണിച്ച കമ്മിറ്റി അസ്മയ്ക്ക് ട്രാൻസ്ഫർ നല്കാൻ നിർദ്ദേശിച്ചതോടൊപ്പം കോളേജിന്റെ ഫീസ് അടയ്ക്കാൻ ഉള്ള ആവശ്യത്തെ തള്ളുകയും ചെയ്തു. അതുകൂടാതെ അസ്മയ്ക്ക് കോളേജ് മാറാൻ ഉള്ള സാഹചര്യം ഉണ്ടാക്കിയതും കോളേജിന്റെ നിരുത്തരവാദിത്തപരമായ സമീപനം ആണെന്നും കമ്മിറ്റി നിരീക്ഷിച്ചു.

ഓർഡർ വായിക്കാം :

Order issued on 23.06.2017 - Asma Mehnas Muthalib Vs Nehru College of Engineering and Research Centre